പരസ്യ പ്രതികരണത്തിനില്ല, നിയപരമായി തന്നെ നേരിടും; തുഷാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

അതേസമയം തുഷാറിനെ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. സംഭവത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറയുന്നു. അതേസമയം തുഷാറിനെ മനഃപൂര്‍വ്വം കുടുക്കിയതാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് തുഷാറിനെ അജ്മാനില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലില്‍ തുടരുകയാണ്.

Exit mobile version