വിവാദങ്ങള്‍ക്ക് അവസാനം; സാലറി ചാലഞ്ച് തുകയായ 130 കോടി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കെഎസ്ഇബി

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാകും തുക കൈമാറുക.

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചാലഞ്ചിലൂടെ സമാഹരിച്ച പണം വകമാറ്റിയെന്ന ആരോപണങ്ങളെ തള്ളി കെഎസ്ഇബി. സമാഹരിച്ച 130 കോടി രൂപ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് കെഎസ്ഇബി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാകും തുക കൈമാറുക.

തുക ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും വകമാറ്റിയെന്നുമുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും 130 കോടി രൂപ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാലറി ചാലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും അദ്ദേഹം പ്രതികരിച്ചു.

സാലറി ചാലഞ്ചിന്റെ പത്ത് മാസം നീണ്ട തവണ പൂര്‍ത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. 130 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version