പുത്തുമലയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് രണ്ട് അവകാശികള്‍; തര്‍ക്കം രൂക്ഷമായതോടെ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെച്ചു; ഡിഎന്‍എ പരിശോധന നടത്തും

രണ്ട് കുടുംബത്തിന്റെയും രക്ത സാമ്പിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു

കല്‍പ്പറ്റ: മേപ്പാടി പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നതിനെ ചൊല്ലി തര്‍ക്കം. മൃതദേഹം തങ്ങളുടെ ഉറ്റവരുടെതാണെന്ന് പറഞ്ഞ് രണ്ട് കുടുംബങ്ങള്‍ വന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതോടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ രാത്രി എട്ടുമണിയോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഡിഎന്‍എ പരിശോധനയ്ക്കു നിര്‍ദേശം നല്‍കി.

ഇന്നലെ പുത്തുമലയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അണ്ണയ്യയുടേതാണെന്ന് മകന്‍ തിരിച്ചറിഞ്ഞിരുന്നു.
തുടര്‍ന്ന് മേപ്പാടി പത്താംമൈല്‍ ഹിന്ദു ശ്മശാനത്തില്‍ രാത്രി സംസ്‌കാരചടങ്ങുകള്‍ തുടങ്ങി. ഇതിനിടെ മൃതദേഹം തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റേതാണെന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി.

തുടര്‍ന്ന് തര്‍ക്കമായതോടെ സംസ്‌കാരച്ചടങ്ങുകള്‍ നിര്‍ത്തിയശേഷം മൃതദേഹം മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

രണ്ട് കുടുംബത്തിന്റെയും രക്ത സാമ്പിള്‍ എടുക്കുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. ഇവ പരിശോധിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മൃതദേഹം ആരുടേതാണെന്ന് അറിയാന്‍ സാധിക്കുമെന്ന് സബ് കലക്ടര്‍ എന്‍എസ് കെ ഉമേഷ് പറഞ്ഞു.

Exit mobile version