നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കും, ഇതിനായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്തും; ഉറപ്പ് നല്‍കി മന്ത്രി എകെ ബാലന്‍

242 ഓളം കുടുംബങ്ങളാണ് ഇവിടെ ആകെയുള്ളത്.

മലപ്പുറം: പ്രളയം നാശം വിതച്ച് ദുരന്ത ഭൂമിയായി മാറിയ കവളപ്പാറ സന്ദര്‍ശിച്ച് മന്ത്രി എകെ ബാലന്‍. നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ആദിവാസികള്‍ക്കായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമിയും മറ്റുള്ളവര്‍ക്കായി മുണ്ടേരി ഫാമിലെ ഭൂമിയും ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

242 ഓളം കുടുംബങ്ങളാണ് ഇവിടെ ആകെയുള്ളത്. അതില്‍ 68 ഓളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു കുടുംബങ്ങളെയും ബാധിക്കുമെന്നതിനാല്‍ അവരെയും താത്കാലികമായി പുനരധിവസിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുക.

ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. പതിനാലോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. മഴ മാറി നില്‍ക്കുന്നത് കാരണം തെരച്ചില്‍ തടസമില്ലാതെ നടത്തുന്നുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്.

Exit mobile version