’15 സെക്കന്റിനുള്ളില്‍ അവര്‍ മരിച്ചിട്ടുണ്ടാകും, വേദനയറിയാതെ’: അതു മാത്രമാണ് ആശ്വാസം; കവളപ്പാറ ദുരന്തഭൂമിയില്‍ നിന്നും ഡോക്ടര്‍മാര്‍

മലപ്പുറം: കവളപ്പാറയിലെ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം ഒന്നടങ്കം. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരിക്കുന്നവര്‍ തീരാനൊമ്പരമായിരിക്കുകയാണ്. മണ്ണിനടിയില്‍ നിന്നും ദിവസങ്ങള്‍ക്കിപ്പുറം ലഭിക്കുന്ന ശരീരങ്ങള്‍ കണ്ണീര്‍ക്കഥകളാണ് പറയുന്നത്.

അതേസമയം, അപ്രതീക്ഷിത ദുരന്തത്തില്‍ ഇരകളായവരെല്ലാം വേദനയറിയാതെ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാകുക എന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു.

”ഭാരമുള്ള എന്തോ ഒന്ന് ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും. മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം”, കവലപ്പാറയിലെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സംഘത്തിലെ ഡോക്ടര്‍ പിഎസ് സഞ്ജയ് പറയുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാരാണ് പോത്തുമലയിലുള്ള മുസ്‌ലിം പള്ളിയില്‍ വെച്ച് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ ലെജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്.

ഇതുവരെ മുപ്പതോളം പേരുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകഴിഞ്ഞു. ഇപ്പോഴും മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ടൗണിലെ മസ്ജിദുല്‍ മുജാഹിദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്. ഒരേ സമയം നാലും അഞ്ചും മൃതദേഹങ്ങള്‍ വക്കാനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനും പള്ളിക്കമ്മിറ്റിക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണെന്നും അവര്‍ പറയുന്നു.

Exit mobile version