അവന്‍ ഇനി കണ്ടും കേട്ടും വളരും; പ്രളയത്തില്‍ നഷ്ടപ്പെട്ട ശ്രവണ സഹായിയെ ഓര്‍ത്ത് വിഷമിച്ച ആദിദേവിന് മന്ത്രി ഷൈലജ ടീച്ചറുടെ കൈത്താങ്ങ്

കട്ടിലിന്റെ ഉയരത്തോളം വെള്ളമെത്തിയപ്പോഴാണ് ആദിദേവിനെ ഒരു തോണിക്കാരന്‍ വന്ന് രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം: പ്രളയത്തില്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് രക്ഷപ്പെടുമ്പോള്‍ ആദിദേവിന് നഷ്ടപ്പെട്ടത് തന്റെ ശ്രവണ സാഹായിയെ ആയിരുന്നു. ഒന്നും കേള്‍ക്കാന്‍ ആവാതെ വിഷമിച്ച് ക്യാംപില്‍ ഇരിക്കുന്ന ആദിദേവിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നിറഞ്ഞു. ഇപ്പോള്‍ ആ വിഷമത്തിന് പരിഹാരമാവുകയാണ്. സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയും ഇടപെട്ടു. കുഞ്ഞല്ലേ, അവന്‍ കണ്ടും കേട്ടും വളരട്ടെ എന്നാണ് മന്ത്രി പറഞ്ഞത്.

പ്രളയത്തില്‍ ശ്രവണ സഹായി വെള്ളം കയറി നശിച്ച ആദിദേവിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി പ്രകാരം സഹായം ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നും കേള്‍ക്കാതായ ആദിയുടെ ദയനീയമായ കഥ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് മന്ത്രി കുറിച്ചു. മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഷൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കട്ടിലിന്റെ ഉയരത്തോളം വെള്ളമെത്തിയപ്പോഴാണ് ആദിദേവിനെ ഒരു തോണിക്കാരന്‍ വന്ന് രക്ഷപ്പെടുത്തിയത്. ആ ഓട്ടപാച്ചിലിനിടെ ആദിയുടെ ശ്രവണസഹായിയുടെ കാര്യം അവര്‍ വിട്ടുപോയി. വെള്ളമിറങ്ങി പാണലോടിലെ വീട്ടിലേക്കു തിരിച്ചെത്തിയ ആദി ആദ്യം പരതിയത് ശ്രവണ സഹായി ആയിരുന്നു. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ വീട്ടില്‍ നിന്ന് അച്ഛനും അമ്മയ്ക്കും 8 ദിവസം പ്രായമായ കുഞ്ഞനുജനുമൊപ്പം രക്ഷതേടിയിറങ്ങുമ്പോള്‍ ഹിയറിങ് എയ്ഡ് എടുക്കാന്‍ മറന്നു.

സ്പീച്ച് പ്രോസസര്‍ ചെവിയില്‍ത്തന്നെ ഉണ്ടായിരുന്നു. ബാറ്ററി, ചാര്‍ജര്‍, ഈര്‍പ്പമുണ്ടായാല്‍ ഉണക്കാനുള്ള ഡ്രൈ ബോക്‌സ്, ഇടതു ചെവിയില്‍ ഉപയോഗിക്കുന്ന ഹിയറിങ് എയ്ഡ് തുടങ്ങിയവ നഷ്ടമായി. ജന്മനാ കേള്‍വിശേഷി ഇല്ലാത്തതിനാല്‍ ആദിക്ക് കോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്തതാണ്. ഇനി ഉപകരണങ്ങളെല്ലാം വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയെങ്കിലും വേണം. ഇതാണ് ആദിദേവിനെ വിഷമിപ്പിച്ചത്. ഇപ്പോള്‍ ആ ആശങ്കകള്‍ക്കാണ് മന്ത്രിയുടെ ഇടപെടലില്‍ ആശ്വാസമായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രളയത്തില്‍ ശ്രവണ സഹായി വെള്ളം കയറി നശിച്ച ആദിദേവിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി പ്രകാരം സഹായം ലഭ്യമാക്കും. ശ്രവണ സഹായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒന്നും കേള്‍ക്കാതായ ആദിയുടെ ദയനീയമായ കഥ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇടപെട്ടത്. മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Exit mobile version