സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടി അവധി പ്രഖ്യാപിച്ചു

കാസര്‍കോട്/ പത്തനംതിട്ട: മഴ കനത്തതിനെത്തുടര്‍ന്ന് പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടി അവധി പ്രഖ്യാപിച്ചു. കനത്തമഴ കണക്കിലെടുത്താണ് പത്തനംതിട്ടയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പിബി നൂഹ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട്ടും പ്രഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കനത്തതിനെത്തുടര്‍ന്നാണ് പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടി അവധി പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

Exit mobile version