വീതി കൂടിയ ടയര്‍ ഇല്ല, സ്‌നോക്കര്‍ ഇല്ല പക്ഷേ വിളിച്ചാല്‍ ഓടിയെത്തും ഏത് ദുരിതക്കടലിലും; വണ്ടിപ്രാന്തന്മാര്‍ക്ക് ടിക് ടോക്കില്‍ മാസ് മറുപടിയുമായി കേരളാ പോലീസ്

മോഡിഫൈഡ് വണ്ടികളുടെ ആരാധകരും ഉടമസ്ഥരുമാണ് പോലീസുകാരെ പ്രളയം വന്നപ്പോള്‍ മുതല്‍ ട്രോളുന്നത്.

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളാ പോലീസിനെ പരോക്ഷമായി ട്രോളുകയാണ് ചില വണ്ടി പ്രാന്തന്മാര്‍. ‘നാല് ടയറെടുക്കട്ടെ സാറേ, ചിലപ്പോ ഉപകാരപ്പെടും… സീസണിങ്ങെത്തി, മഴയുടെ സീസണ്‍, നിങ്ങളുടെ വണ്ടി ഓടിയെത്തത്തില്ല സാറേ.. നിങ്ങള്‍ക്ക് ഞങ്ങളെ വിളിക്കേണ്ടി വരും…’ ഇങ്ങനെ നീളും ഓരോരുത്തരുടെയും പരിഹാസങ്ങള്‍.

മോഡിഫൈഡ് വണ്ടികളുടെ ആരാധകരും ഉടമസ്ഥരുമാണ് പോലീസുകാരെ പ്രളയം വന്നപ്പോള്‍ മുതല്‍ ട്രോളുന്നത്. ഇപ്പോള്‍ ഇവര്‍ക്കെല്ലാം മാസ് മറുപടിയുമായി എത്തിയിരിക്കുകയാണ് പോലീസ്. ടിക് ടോക്കിലാണ് മറുപടി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പരിഹാസം ഉയരുന്നത്. ഇതിന് അതേ നാണയത്തിലാണ് പോലീസ് തിരിച്ചടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം പൊന്തിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് മോഡിഫൈഡ് ജീപ്പ് ക്ലബ്ബുകളാണ്. സംഭവത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. അതിനൊപ്പമാണ് പോലീസിനെ ട്രോളിയത്. പരിഹാസങ്ങള്‍ പരിധിവിട്ടതോടെയാണ് മറുപടിയുമായി കേരളാ പോലീസ് തന്നെ രംഗത്തെത്തിയത്. വീതി കൂടിയ ടയര്‍ ഇല്ല, സ്നോക്കര്‍ ഇല്ല. എന്നാലും വിളിച്ചാല്‍ ഓടിയെത്തും ഏത് ദുരിതക്കടലിലും എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തിലൂടെ ചീറിപായുന്ന പോലീസ് വാഹനത്തിന്റെ വീഡിയോ സഹിതം പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്.

Exit mobile version