ആകെ അറിയാവുന്നത് ഡാന്‍സാണ് എവിടെ വേണമെങ്കിലും നൃത്തം ചെയ്യാം, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയാല്‍ മതി; ആശ്വാസം പകര്‍ന്ന് 13കാരി

വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത്, എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ എന്ന് വേണി എടുത്ത് പറയുന്നുണ്ട്.

കൊച്ചി: ആകെ അറിയാവുന്ന നൃത്തത്തിലൂടെ പ്രളയ ബാധിതര്‍ക്ക് വേണ്ടി പണം കണ്ടെത്തുവാന്‍ ശ്രമിച്ച് പതിമൂന്നുകാരി. രണ്ടാമത്തെ പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നിരിക്കുന്ന കേരളക്കരയ്ക്ക് ആശ്വാസവും ഊര്‍ജവുമാണ് ഇവള്‍. ഫേസ്ബുക്കിലൂടെയാണ് തന്നാലാവുന്ന സഹായം ചെയ്യാന്‍ കൊച്ചി ഇരുമ്പനം സ്വദേശിനിയായ 13കാരി വേണി സഹായ സന്നദ്ധത അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് തനിക്ക് അയച്ചുതന്നാല്‍ ഒരു മണിക്കൂര്‍ നൃത്തം ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് വേണി നല്‍കിയിരിക്കുന്ന വാഗ്ദാനം. വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത്, എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ എന്ന് വേണി എടുത്ത് പറയുന്നുണ്ട്.

മൂന്ന് വയസ് മുതലാണ് വേണി നൃത്തം അഭ്യസിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ സുനിലിന്റെയും വിനീതയുടെയും മകളാണ്. വേണിയുടെ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേര്‍ വേണിക്ക് ആശംസകളുമായി രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയപ്പെട്ടവരെ,

ആകെ അറിയാവുന്നത് ഡാന്‍സാണ്, ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളില്‍ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് ടോക്കന്‍ ഓഫ് അപ്രീസിയേഷന്‍ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോര്‍ട്ട് കിട്ടാറുമുണ്ട്.

പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്തുതരാം . CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാല്‍ മതിയാകും. വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത്, എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ… #letsdanceforagoodcause

Exit mobile version