കൈയ്യില്‍ ആകെ ഉള്ളത് 20 രൂപ; ദുരിതാശ്വാസ നിധിയിലേയ്ക്ക് വളര്‍ത്തുകോഴിയെ നല്‍കി ശാന്ത, ലേലത്തില്‍ വെച്ചപ്പോള്‍ കിട്ടിയത് 550 രൂപ

വളര്‍ത്തു കോഴിയെ കൊടുത്താണ് ഒടുവില്‍ ആ സങ്കടം തീര്‍ത്തത്.

കണ്ണൂര്‍: പ്രളയ ദുരിതാശ്വാസത്തിനായി സിപിഎം പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ മത്സ്യത്തൊഴിലാളി പുതിയപുരയില്‍ ശാന്തയുടെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് 20 രൂപ മാത്രമാണ്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച നിന്ന ശാന്ത ഒടുവില്‍ അതിന് പരിഹാരവും കണ്ടെത്തി. വളര്‍ത്തു കോഴിയെ കൊടുത്താണ് ഒടുവില്‍ ആ സങ്കടം തീര്‍ത്തത്.

പ്രളയ ദുരിതം നേരിട്ടു കാണുകയും മകന്റെ വരുമാന മാര്‍ഗമായ ഓട്ടോറിക്ഷ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിന്റെ ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമം അറിയുകയും ചെയ്ത വീട്ടമ്മ കൂടിയാണു ശാന്ത. വെള്ളപ്പൊക്കം വന്നതു മുതല്‍ ശാന്തയ്ക്കു ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. പിരിവിന് ആള്‍ എത്തിയപ്പോള്‍ ശാന്തയുടെ കൈയ്യില്‍ 20 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഓട്ടോറിക്ഷ മകന് റോഡില്‍ ഇറക്കാനും കഴിഞ്ഞാതിരുന്നതും തിരിച്ചടിയായി. കൈയ്യിലെ 20 രൂപ മതിയെന്ന് സിപിഎം പ്രവര്‍ത്തകര്‍ ശാന്തയോടു പറഞ്ഞു.

എന്നാല്‍ വളര്‍ത്തുന്ന കോഴികളിലൊന്നിനെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധപൂര്‍വം കൈമാറുകയായിരുന്നു അവര്‍. കോഴിയെ ലേലം ചെയ്തപ്പോള്‍ 550 രൂപയാണ് കിട്ടിയത്. ഇതു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ശാന്ത കോഴിയെ സംഭാവന ചെയ്തതു കണ്ട് കാനായിയിലെ പ്രളയ ബാധിത പ്രദേശത്തെ സികെ ദിജേഷ് 2 കോഴികളെ സംഭാവന ചെയ്തു. ഇതും ലേലം ചെയ്തു ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version