മുറിയില്‍ ചെമ്പ് തകിടും ജപിച്ച വെള്ളവും! കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം! നടന്നത് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം, ഇനി ആ മുറിയില്‍ ഇരിക്കില്ലെന്ന് സെക്രട്ടറി

ഒരുമാസത്തെ അവധികഴിഞ്ഞ് ഓഫീസിലെത്തിയ നഗരസഭാ സെക്രട്ടറി സാം ഡേവിഡിന്റെ മുറിയില്‍ കവര്‍ കണ്ടെത്തുകയായിരുന്നു.

കൊച്ചി: അധ്യക്ഷ പദവിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭയില്‍ കൂടോത്ര വിവാദം ആളികത്തുന്നു. കളമശ്ശേരിയിലെ നഗരസഭയിലാണ് വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. തര്‍ക്കം മുറുകുന്നതിനിടെ നഗരസഭാ സെക്രട്ടറിയുടെ മുറിയില്‍ ചെമ്പ് തകിടും ജപിച്ച ഒരു കുപ്പിവെള്ളവും കണ്ടെത്തി. സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത തന്നെ പുകച്ച് ചാടിക്കാനുള്ള കൂടോത്രമാണ് നടത്തിയതെന്ന് നഗരസഭാ സെക്രട്ടറി ആരോപിച്ചു.

അധ്യക്ഷ സ്ഥാനം പങ്ക് വെക്കുന്നതിനെ ചൊല്ലി ഏറെ കാലമായി കോണ്‍ഗ്രസ്സിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പതിവാണ്. അവിശ്വാസം, രാജി ഭീഷണി, രഹസ്യ യോഗം അങ്ങനെ അടിപിടി പലവിധത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടോത്രത്തിന് വഴിയൊരുങ്ങിയത്. ഒരുമാസത്തെ അവധികഴിഞ്ഞ് ഓഫീസിലെത്തിയ നഗരസഭാ സെക്രട്ടറി സാം ഡേവിഡിന്റെ മുറിയില്‍ കവര്‍ കണ്ടെത്തുകയായിരുന്നു.

തുറന്ന് നോക്കിയപ്പോഴാണ് ചെമ്പ് തകിടും ജപിച്ച കുപ്പിവെള്ളവും കണ്ടത്. ഇതോടെ സെക്രട്ടറി റൂമില്‍ ഇരിക്കില്ലെന്നായി. ഇത് തന്നെ ലക്ഷ്യമിട്ടുള്ള കൂടോത്രമാണെന്നാണ് സെക്രട്ടറിയുടെ ആരോപണം. നഗരസഭയിലെ വിവാദ വിഷയങ്ങളില്‍ അനുകൂല തീരുമാനത്തിനായി പലവിധ സമ്മര്‍ദ്ദങ്ങള്‍ തന്റെ മേലുണ്ടായെന്നും അതിന് വഴങ്ങാതിരുന്നതിലുള്ള പ്രയോഗമാകാം ഇതെന്നുമാണ് സെക്രട്ടറി പറയുന്നു.

Exit mobile version