വാസുകി മാഡത്തെ മിസ്സ് ചെയ്യുന്നു; തിരുവനന്തപുരം കളക്ടറുടെ അഭാവത്തില്‍ വാസുകിയെ ഓര്‍മ്മിച്ച് മുഹമ്മദ് സജാദ് ഐഎഎസ്, കുറിപ്പ്

തിരുവനന്തപുരത്തെയും കൊല്ലത്തെയും കളക്ഷന്‍ സെന്ററുകളെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

കോഴിക്കോട്: വീണ്ടും കേരളക്കര പ്രളയക്കെടുതിയില്‍ ആയപ്പോള്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധിയില്‍ പോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ മുന്‍ ജില്ലാ കളക്ടര്‍ വാസുകിയുടെ അഭാവം ചൂണ്ടിക്കാണിച്ച് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജാദ്.

പ്രളയദുരിതാശ്വാസത്തിന് തെക്കന്‍ ജില്ലകളില്‍ നിന്ന് സഹായമെത്തുന്നില്ലെന്ന പ്രചരണത്തിനെതിരേ പോസ്റ്റ്‌ ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് വാസുകിയെ മിസ് ചെയ്യുന്നതായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍-മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്നനേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയര്‍ ചെയ്യാമെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരത്തെയും കൊല്ലത്തെയും കളക്ഷന്‍ സെന്ററുകളെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാന്‍ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം അവസാനം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇങ്ങ് തെക്ക്, തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നേരിട്ടാണ് കളക്ഷന് മുന്‍കൈയ്യെടുക്കുന്നത്. വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ഇന്ന് രാത്രി പുറപ്പെട്ടു കഴിഞ്ഞു. മേയര്‍ മുതല്‍ സന്നദ്ധ സംഘടനകളും കോര്‍പ്പറേഷന്‍ ജീവനക്കാരും,സിവില്‍ സര്‍വീസ് ജേതാക്കളും വിദ്യാര്‍ത്ഥികളുമടക്കമുള്ള വോളണ്ടിയര്‍മാര്‍ രാത്രിയും സജീവമാണ്.

ഇന്ന് (ഞായര്‍) പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കവളപ്പാറയിലേക്കു നേരിട്ടുള്ള കളക്ഷന്‍ നടക്കുന്നു. കൊല്ലത്ത് കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ താലൂക്കിലും കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പാട് ക്യാംപുകളുള്ള ആലപ്പുഴയിലുമുണ്ട് വടക്കന്‍ ജില്ലകള്‍ക്കു വേണ്ടിയുള്ള കളക്ഷന്‍ സെന്റര്‍. പലയിടത്തും വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടക്കം കൈ മെയ് മറന്നിറങ്ങുന്നുണ്ട്.

റിലീഫ് മെറ്റീരിയല്‍സ് എത്തിക്കുന്നതില്‍ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട് . മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം . അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട . ഈദും വീക്കെന്‍ഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി തുറക്കട്ടെ, കളക്ഷന്‍ ഒന്നു കൂടി ഫാസ്റ്റാവും. എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂര്‍ക്കനെ ആദ്യം വേണോ എന്ന് .

തെക്കും വടക്കും നടുവിലുമൊക്കെ ജീവിച്ചിട്ടുണ്ട്. തെക്കരും വടക്കരും തമ്മിലുള്ള പ്രധാന വ്യത്യാസം തെക്കര്‍ മൂക്കിലൂടെ ശ്വാസമെടുക്കുമ്പോള്‍ വടക്കര്‍ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നുള്ളതാണ്. വേറെ കാര്യമായ വ്യത്യാസമൊന്നും കണ്ടിട്ടില്ല . എല്ലാടത്തും ചോരയും നീരുമുള്ള മനുഷ്യമ്മാരും മനുഷ്യത്തികളും തന്നെയാണ് . അതു കൊണ്ട് തെക്കന്‍-മൂര്‍ഖന്‍ വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും share ചെയ്യാം . #Unitedwestanddividedwefall#

(ഇതൊക്കെ ആണെങ്കിലും വാസുകി മാഡത്തെ മിസ്സ് ചെയ്യുന്നുണ്ട് എന്നത് വേറെ കാര്യം ) N:B ആവശ്യത്തില്‍ കൂടുതല്‍ വിഭാഗീയത ഇപ്പോള്‍ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാന്‍ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും

Exit mobile version