നിലയ്ക്കാതെ മഴ; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു, ട്രെയിന്‍ ഗതാഗതം താറുമാറായി, ഇതുവരെ പൊലിഞ്ഞ് ഒന്‍പത് ജീവന്‍

ഇതോടെ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

കൊച്ചി: കേരളം വീണ്ടും പ്രളയക്കെടുതിയില്‍ പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളും വെള്ളത്താല്‍ മൂടിയിരിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 17 പേര്‍ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.

ഇതോടെ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം കനത്ത മഴ തുടരുന്നതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാല്‍ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയര്‍ന്നതാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനം എടുത്തതിലെ പ്രധാന കാരണം. ചെങ്കല്‍ചോട്ടില്‍ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്. റണ്‍വേയിലേക്ക് അടക്കം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം കയറിയിട്ടുണ്ട്.

Exit mobile version