ഒന്നാം ക്ലാസ് ഒന്നാംതരം: ജില്ലയിലെ ആദ്യ ഹൈടെക്ക് ക്ലാസ് മുറികളുള്ള പൊതുവിദ്യാലയമായി വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍

എരമംഗലം: ‘മഴ മഴ മഴ മഴ മഴ വന്നു … ഒരു മഴ ചെറുമഴ മഴ വന്നു …’ എന്ന പദ്യം അധ്യാപകനായ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പാടിക്കൊടുത്തപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ ഏറ്റുപാടിയത്. മേലാറ്റൂര്‍ ആര്‍എംഎച്ച്എസ് സ്‌കൂളിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന പി ശ്രീരാമകൃഷ്ണന്‍ ഒന്നാം ക്ലാസിലെ ഒന്നാംതരം അധ്യാപകനായാണ് ഇത്തവണ വേഷമിട്ടത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച് ജില്ലയിലെ മാതൃക വിദ്യാലയമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂളില്‍ ‘ഒന്നാം ക്ലാസ് ഒന്നാംതരം’ പദ്ധതിയുടെ ഭാഗമായി ശീതീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട കൃഷ്ണന്‍ മാഷ് വീണ്ടും ആ പഴയ അധ്യാപകനായി മാറിയത്.

പൊന്നാനിയിലെ ജനങ്ങളുടെ മനസുകീഴടക്കിയ പ്രിയപ്പെട്ട സ്പീക്കര്‍ പാട്ട് പാടിപ്പിച്ചും, കഥ പറഞ്ഞുകൊടുത്തും പറയിപ്പിച്ചും വെളിയങ്കോട് ഗവ. ഫിഷറീസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ മനസുകീഴടക്കിയാണ് ക്ലാസ് അവസാനിപ്പിച്ചത്.

സ്‌കൂളിലെ ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് മാതൃകയാണ് വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി. സ്‌കൂളിലെന്നും അങ്ങേയറ്റത്തെ അഭിമാനകരവും സന്തോഷകരവുമാണ് സ്‌കൂളില്‍ എ.സി ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഗ്രാമങ്ങളിലെയും പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാടിന്റെ കരുത്ത് ഒത്തൊരുമയാണ്. ഒത്തൊരുമ സൃഷ്ടിക്കുന്നത് പൊതുവിദ്യാലയങ്ങളാണ്. പൊതു വിദ്യാലയങ്ങള്‍ ഇല്ലാതാകുമ്പോള്‍ സമൂഹത്തില്‍ അരാജകത്വം നിലനില്‍ക്കും. എല്ലാവരും ഒന്നാണെന്ന ഒത്തൊരുമ സൃഷ്ടിക്കുന്ന പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ചുമതലയാണ്. ഒറ്റക്കെട്ടായി പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കുട്ടികളുടെ ഇഷ്ടയിടങ്ങളായി വിദ്യാലയങ്ങള്‍ മാറുമ്പോള്‍ പഠനം ആനന്ദകരവും വിജ്ഞാനകരവുമാകും. ഹൈടെക് ക്ലാസ്സ് മുറികള്‍ ഇതിനായി കുട്ടികള്‍ക്ക് സഹായകരമാകും. വെളിയങ്കോട് ഫിഷറീസ് എല്‍.പി. സ്‌കൂളില്‍ ഇനിയും വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവും ജിഎഫ്എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപികയുമായ വിജെ. ജെസി ടീച്ചറെ സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു.

‘ഒന്നാം ക്ലാസ് ഒന്നാംതരം’ എന്ന പദ്ധതിയിലൂടെയാണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിന് കൂടുതല്‍ മിഴിവേകുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയില്‍ എട്ട് ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിഡ്കോയുടെ സഹകരണത്തില്‍ ഒരുക്കിയിരിക്കുന്ന രണ്ട് ശീതീകരിച്ച ക്ലാസ് മുറികളില്‍ പ്രൊജക്ടറിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനുള്ള മൈക്, ലാപ്‌ടോപ്പ്, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. 80 വിദ്യാര്‍ഥികളുമായി അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സ്‌കൂളിലിപ്പോള്‍ പ്രീപ്രൈമറി ഉള്‍പ്പെടെ 200 വിദ്യാര്‍ഥികളുണ്ട്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായ ചടങ്ങില്‍ വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ കടയില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് അധ്യക്ഷരായ ആലുങ്ങല്‍ അഷ്റഫ്, ലീന മുഹമ്മദാലി, ബ്ലോക്ക് വൈസ് വൈസ് പ്രസിഡന്റ് സുബൈദ ബക്കര്‍, ഇ.വി. അബ്ദുട്ടി, കൈപ്പട പുഷ്പ, ബബിത നൗഫല്‍, കെ.കെ. ബീരാന്‍കുട്ടി, ഫാറൂഖ് വെളിയങ്കോട്, സ്‌കൂള്‍ പ്രഥമാധ്യാപിക വി.ജെ. ജെസി ടീച്ചര്‍, ഹുസൈന്‍ പാടത്തകായില്‍, പി. രാജന്‍, എം.എസ്. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി, പി. ബൈജു, അനിത ദിനേശ്, കെ. ശോഭന, സുരേഷ് കാക്കനാത്ത്, എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version