പൊള്ളലേറ്റ ഒന്നരവയസുകാരിയെയും കൊണ്ട് ആശുപത്രിലെത്തി, ‘കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്ന് ഡോക്ടറും’! ഒടുവില്‍ ചികിത്സകിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം

ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ നിങ്ങള്‍തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നും മാതാപിതാക്കളോട് ആവശ്യപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊള്ളലേറ്റ ഒന്നരവയസുകാരിക്ക് ആശുപത്രിയില്‍ ചികിത്സകിട്ടാതെ മരിച്ചു. ശരീരത്തില്‍ തിളച്ച് വെള്ളം വീണ് 70 ശതമാനത്തോളം പൊള്ളലേറ്റാണ് ഒന്നരവയസുകാരി അന്‍ഷികയെ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ ചികിത്സിക്കാനോ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനോ തയ്യാറായില്ല. അതെസമയം പരിശോധിക്കാന്‍ എത്തിയ ഡോ ജ്യോതി റൗത്ത് ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ നിങ്ങള്‍തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇതിനിടെ അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചു.

കുട്ടിയുടെ ബന്ധുക്കളും ഡോക്ടറും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഡോ ജ്യോതി റൗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ ഡോ ജ്യോതി റൗത്തിനെ സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം, പൊള്ളലേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തെറ്റാണെന്ന് എഡിറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നും ജ്യോതി റൗത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version