വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ മകളുടെ മുന്നില്‍ വെച്ച്‌ യുവാവ് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ഡെല്‍ഹിയിലെ നന്‍ഗ്ലോയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ മകളുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നു. 45കാരിയായ മാധുരിയാണ് കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി ശ്യാം യാദവ് ആണ് കൊല നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഷൂ ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ശ്യാം മാധുരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

ശ്യാമിനേക്കാള്‍ 18 വയസ് കൂടുതലാണ് മാധുരിക്ക്. എന്നാല്‍, ശ്യാമിന്റെ വിവാഹാഭ്യര്‍ത്ഥനയില്‍ മാധുരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഇയാളുടെ ശല്യം സഹിക്കവയ്യാതെ മാധുരി ജോലി വിട്ടു. എന്നാല്‍, ശ്യാം തുടര്‍ന്നും ഇവരെ ശല്യപ്പെടുത്തി. കഴിഞ്ഞ ദിവസം മാധുരിയെ കാണാനെത്തിയ ഇയാള്‍ വാക്ക് തര്‍ക്കത്തിനിടെ മകളുടെ മുന്നിലിട്ട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ മാധുരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഡെല്‍ഹി വിടാനുള്ള ശ്രമത്തിലായിരുന്നു ശ്യാം. എന്നാല്‍ മാധുരിയുടെ മകളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version