ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിലായിരിക്കും വിശദീകരണം.
15 ആളുകള്‍ എന്തിനാണ് വന്നതെന്നും 18 പേരെ എന്തിനാണ് പിടിച്ചുവെച്ചിരിക്കുന്നത് ഇക്കാര്യങ്ങളെല്ലാം വിശദമായി വ്യക്തമാക്കും. നീതി നടപ്പിലാക്കാനാണ് നോക്കുന്നതെന്നും എര്‍ദോഗാന്‍ പറഞ്ഞു. ഖഷോഗ്ജിയുടെ മരണം സംബന്ധിച്ച് തുര്‍ക്കിയുടെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളായിരിക്കും ചൊവ്വാഴ്ച എര്‍ദോഗാന്‍ വെളിപ്പെടുത്തുക.
അതേസമയം ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ എര്‍ദോഗാന്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാലും തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ സൗദിയില്‍ നിന്നെത്തിയ 15 അംഗ കൊലയാളി സംഘമാണ് കൊലപാതകം നടത്തിയതെന്ന് ചിത്രം സഹിതം റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം നല്‍കിയിരുന്നു.
ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി ഇരുപതാം തിയ്യതിയാണ് സൗദി സമ്മതിച്ചത്. അതിന് മുമ്പ് ഖഷോഗ്ജി കോണ്‍സുലേറ്റിന് പുറത്ത് പോയി എന്നായിരുന്നു സൗദിയുടെ വാദം.