മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല; ഹോട്ടലിന് മുന്‍പില്‍ ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടല്‍ ഉടമ, സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടി അരുണ്‍ മൊഴിയുടെ പ്രവൃത്തി

നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്. ആം ആദ്മി പ്രവര്‍ത്തകനാണ് ഹോട്ടലിന്റെ ഉടമ.

പുതുക്കോട്ട: ‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’ ഇത് അരുണ്‍ മൊഴി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ എഴുതിയിരിക്കുന്ന വാക്കുകളാണ്. ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച സംഭവത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്. ആം ആദ്മി പ്രവര്‍ത്തകനാണ് ഹോട്ടലിന്റെ ഉടമ. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഭക്ഷണം ജാതിമതങ്ങള്‍ക്ക് അതീതമാണെന്ന് അരുണ്‍മൊഴി ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ ഇദ്ദേഹത്തിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്. അമിത് ശുക്ലയെന്ന യുവാവാണ് അഹിന്ദുവായ ആള്‍ ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നാലെ ഭക്ഷണം ക്യാന്‍സല്‍ ചെയ്തത്.

മധ്യപ്രദേശില്‍ നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെ ഒരു മതമാണെന്നും സൊമാറ്റോ വ്യക്തമാക്കി. ഇത്തരം കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് ആശങ്കകളില്ലെന്നും സൊമാറ്റോ അറിയിച്ചു. ഇതിന് പിന്നാലെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഊബര്‍ ഈറ്റ്‌സും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version