പുൽവാമ സമയത്ത് മോഡി ഷൂട്ടിങ് തിരക്കിലായിരുന്നെന്ന കോൺഗ്രസ് വാദം ശരിവെച്ച് തെളിവുകൾ; മോഡിയുടെ ‘മാൻ വേഴ്‌സസ് വൈൽഡ്’ വിവാദത്തിൽ

ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ പ്രധാനമന്ത്രി മോഡി പങ്കെടുത്ത ‘മാൻ വേഴ്‌സസ് വൈൽഡ്’ എന്ന പരിപാടിയുടെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ആരോപണങ്ങളുമായി രംഗത്ത്. പരിപാടിയുടെ സ്പെഷ്യൽ എപ്പിസോഡ് സംപ്രേഷണം ചെയ്യുമ്പോൾ ഇത് ഷൂട്ട് ചെയ്ത തീയതിയും സമയവും കൂടി കാണിക്കണമെന്ന് ഡിസ്‌കവറി ചാനലിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 12-നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഫെബ്രുവരി 14ന് ഉണ്ടായ 44 ഓളം ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമ ഭീകരാക്രമണ സമയത്താണ് പ്രധാനമന്ത്രി ഈ പരിപാടിയുടെ ഷൂട്ടിങിൽ പങ്കെടുത്തതെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. പുൽവാമ ആക്രമണ സമയത്ത് തന്നെ മോഡി ഷൂട്ടിങ് തിരക്കിലായിരുന്നു എന്ന വാദം കോൺഗ്രസുയർത്തിയിരുന്നു.

ബംഗാൾ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നായ ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലായിരുന്നു പരിപാടിയുടെ ചിത്രീകരണം. മോഡിയും സാഹസികസഞ്ചാരി ബിയർ ഗ്രിൽസുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

44 ജവാന്മാർ പുൽവാമയിൽ രക്തസാക്ഷിത്വം വഹിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷൂട്ടിങ് തിരക്കിലായിരുന്നു. അതിഭീകരമായ ആക്രമണം നടന്ന ശേഷവും മോഡി തന്റെ ഷൂട്ടിങ് തുടർന്നുവെന്നും കോൺഗ്രസ് വക്താവ് ഷാ മുഹമ്മദ് ആരോപിച്ചു. പിഡിപി നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും മോഡിയുടെ പരിപാടിയെ പരിഹസിച്ചു.

ഈ പ്രത്യേക പരിപാടി ഓഗസ്റ്റ് 12 ന് പുറത്തിറങ്ങും. ഇതിന്റെ ചിത്രീകരണം എത്രസമയമായിരുന്നു എന്ന്, എവിടെ വച്ചായിരുന്നു. എത്ര സമയമെടുത്തു എന്നതൊക്കെയുള്ള കാര്യം പൊതുജനത്തിന് മുന്നിൽ ഡിസ്‌കവറി ചാനൽ പ്രദർശിപ്പിക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നതെന്നു മറ്റൊരു കോൺഗ്രസ് വക്താവായ മനോജ് തിവാരി പറഞ്ഞു. പരിപാടിയുടെ ട്രെയിലർ ഗ്രിൽസ് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു.

Exit mobile version