മാനസിക-ശാരീരിക്ഷക്ഷമത,കൃത്യനിഷ്ഠത എന്നിവ വിലയിരുത്തും; ജോലിയില്‍ പ്രകടനം മോശമായവരെ കേന്ദ്രം പിരിച്ചുവിടും

റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളിലാണ് 55 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പ്രകടനം മോശമായവര്‍ക്കും നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നത്

ന്യൂഡല്‍ഹി: ജോലിയില്‍ പ്രകടനം മോശമായ ജീവനക്കാര്‍ക്ക്‌ നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ അടക്കമുള്ള മന്ത്രാലയങ്ങളിലാണ് 55 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പ്രകടനം മോശമായവര്‍ക്കും നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന്റ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്ന് മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്‌സനെല്‍ മന്ത്രാലയം നിര്‍ദേശം നല്‍കി.

മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. ജൂണ്‍ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി. മാനസിക-ശാരീരിക്ഷക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയവ വിലയിരുത്തിയാവും നിര്‍ബന്ധിതവിരമിക്കല്‍ ഏര്‍പ്പെടുത്തുക. 13 ലക്ഷം ജീവനക്കാരുള്ള റെയില്‍വേയില്‍ എണ്ണം പത്തുലക്ഷമാക്കി കുറയ്ക്കാനാണു സര്‍ക്കാര്‍ നീക്കം.

പ്രകടനം മോശമായവര്‍ ബാധ്യതയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആനുകൂല്യങ്ങള്‍ നല്‍കി നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്താന്‍ നീക്കം. അടുത്തവര്‍ഷം ആദ്യപാദത്തില്‍ 55 വയസ്സോ സര്‍വീസില്‍ മുപ്പതു വര്‍ഷമോ പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കണമെന്നും മികച്ചതും മോശവുമായ പ്രകടനം നടത്തുന്നവരുടെ പട്ടിക സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി. ജൂലായ് മുതല്‍ എല്ലാ മാസവും പതിനഞ്ചു ദിവസത്തിനിടെ ഈ വിലയിരുത്തല്‍ പട്ടിക നല്‍കിയിരിക്കണം.

Exit mobile version