ഉന്നാവോ അപകടത്തില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു; എംഎല്‍എയുടെ സഹോദരനെതിരെയും എഫ്‌ഐആര്‍

ലഖ്‌നോ: ഉന്നാവോ പീഡനക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങിനെതിരെ പോലീസ് കേസെടുത്തു. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എംഎല്‍എയുടെ സഹോദരന്‍ മനോജ് സിങ്ങിനും സഹായികളായ എട്ട് പേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം സിബിഐക്ക് വിടുമെന്ന് ലക്‌നൗ എഡിജിപി അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ.്

എംഎല്‍എയുടെ അനുയായികള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും വിളിച്ച് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

ബലാത്സംഗക്കേസിലെയും ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെയും മുഖ്യ പ്രതികളാണ് ഉന്നാവോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്ങും സഹോദരന്‍ മനോജ് സിങ്ങും.

പരാതിക്കാരിയെയും സാക്ഷികളെയും ഇല്ലാതാക്കുന്നതിന് എംഎല്‍എയും സഹോദരനും ആസൂത്രണം ചെയ്തതാണ് വാഹനാപകടമെന്ന ആരോപണം കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലഖ്‌നോവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

Exit mobile version