ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു: പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, ആസൂത്രിതമെന്ന് സംശയം

റായ്ബറേലി: യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഒപ്പണ്ടായിരുന്ന അഭിഭാഷകനും പരുക്കേറ്റ് ആശുപത്രിയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചയ്ക്ക് ഒന്നോടെ ഫത്തേപ്പൂര്‍-റായ്ബറേലി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടം നടന്നത്. ജില്ലാജയിലില്‍ തടവില്‍ കഴിയുന്ന അമ്മാവനെ കാണാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതായി ജില്ലാ പോലീസ് മേധാവി സുനില്‍ കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരായ ബലാത്സംഗ പരാതിയായിരുന്നു ഉന്നാവോ പീഡന കേസ്. നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരയായ പെണ്‍കുട്ടിയും അമ്മയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വാര്‍ത്തകളിലൂടെ പുറത്ത് വന്നത്. തുടര്‍ന്ന് 2017ല്‍ എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിയുകയും കുല്‍ദീപ് ഒരു വര്‍ഷത്തോളം ജയിലിലാകുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഇല്ലാത്ത കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത പോലീസും കുല്‍ദീപിന്റെ സഹോദരനും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടന്ന വാഹനാപകടം കൃത്രിമമാണോ എന്ന സംശവും ഉയരുന്നുണ്ടുണ്ട്.

Exit mobile version