ട്രെയിനില്‍ നിന്ന് യാത്രക്കാരന്റെ പെട്ടി നഷ്ടപ്പെട്ട സംഭവം; കുടുംബത്തിന് നാല് ലക്ഷം രൂപ റയില്‍വേ നല്‍കണമെന്ന് ഉത്തരവ്

അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവര്‍ക്ക് കംപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കാന്‍ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിന്റെ ഉത്തരവ്.

ചെന്നൈ: ട്രെയിനിലെ സെക്കന്റ് എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് യാത്രക്കാരന്റെ പെട്ടി മോഷണം പോയ സംഭവത്തില്‍ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് 2015 ല്‍ നടന്ന സംഭവത്തില്‍ വിധി പുറപ്പെടുവിച്ചത്.

അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവര്‍ക്ക് കംപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കാന്‍ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിന്റെ ഉത്തരവ്.

2015 ജനുവരി 20 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസ് ട്രെയിനില്‍ വച്ചാണ് സംഭവം നടന്നത്. സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്ന പെട്ടി ബര്‍ത്തിന് താഴെയായിരുന്നു ഇവര്‍ വച്ചിരുന്നത്. ജനുവരി 22 ന് രാവിലെ ആഗ്ര സ്റ്റേഷനിലെത്തിയപ്പോള്‍
ബാഗ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കംപാര്‍ട്ട്‌മെന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പെട്ടികള്‍ മോഷണം പോകുമ്പോള്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്നില്ല. ഒരാള്‍ ഈ പെട്ടികളുമായി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി ടിടിഇ മൊഴി നല്‍കിയിരുന്നു.

4800 രൂപ നല്‍കി യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തതാണെന്നും, പെട്ടി നഷ്ടപ്പെട്ടത് കടുത്ത മനോവേദനയ്ക്ക് കാരണമായെന്നും ഇവര്‍ വ്യക്തമാക്കി. ഇവരുടെ വാദം അംഗീകരിച്ചാണ് കോടതി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്.

Exit mobile version