ആഫ്രിക്കന്‍ വംശജനുമായുള്ള മകളുടെ വിവാഹം; സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സുധാ രഘുനാഥന്‍

സുധാ രഘുനാഥന്റെ മകള്‍ മാളവിക രഘുനാഥും ആഫ്രിക്കന്‍ വംശജനായ മൈക്കിള്‍ മുര്‍ഫിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ടപ്പോഴാണ് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്

ചെന്നൈ: ആഫ്രിക്കന്‍ വംശജനുമായി മകളുടെ വിവാഹം നടത്തിയതിന് സോഷ്യല്‍ മീഡിയയില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥനെതിരെ നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ ആണ് വന്നത്. ഹിന്ദു സഭകളിലും ക്ഷേത്രങ്ങളിലും ഇവരെ പാടാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഇതിനെ ഒന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് സുധാ രഘുനാഥന്‍ പറഞ്ഞിരിക്കുന്നത്. സുധാ രഘുനാഥന് പിന്തുണയുമായി സംഗീത രംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

സുധാ രഘുനാഥന്റെ മകള്‍ മാളവിക രഘുനാഥും ആഫ്രിക്കന്‍ വംശജനായ മൈക്കിള്‍ മുര്‍ഫിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ടപ്പോഴാണ് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ വെച്ച് ഇരുവരുടേയും വിവാഹം കഴിഞ്ഞു. ഇതോടെ വിദ്വേഷ പ്രചാരണങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്തു. സുധാ രഘുനാഥനും മകളും ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നും ബ്രാഹ്മണ സമുദായത്തെ ഇവര്‍ അപമാനിച്ചെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം.

അതേസമയം മാളവികയുടെ ഭര്‍ത്താവായ മൈക്കിള്‍ മുര്‍ഫിയുടെ നിറത്തേയും ആഫ്രിക്കന്‍ വംശത്തേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ഹിന്ദു മഹാസഭകളിലും ക്ഷേത്രങ്ങളിലും ഇനി പാടാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ഇത്തരം ഭീഷണികള്‍ ഒന്നും കണക്കിലെടുക്കുന്നില്ലെന്നും,തന്നെ തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നുമാണ് സുധാ രഘുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.

Exit mobile version