അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഇനി മുംബൈ ഐഐടിയില്‍ ‘കെട്ടും’; ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കുന്നു

മുംബൈ: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്കായി മുംബൈ ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കാനൊരുങ്ങുന്നു. ക്യാംപസിനകത്തെ ഉദ്യോഗസ്ഥരും പശു പ്രേമികളും ചേര്‍ന്നാണ് ഇത്തരത്തില്‍ ഗോശാല നിര്‍മ്മിച്ച് പശുക്കളെ സംരക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കാളകള്‍ തമ്മിലുള്ള പോരിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുംബൈ കോര്‍പ്പറേഷന്റെ കന്നുകാലി പിടുത്ത സംഘം ക്യാംപസിന് മുന്നില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇവിടെയുള്ള താമസക്കാര്‍ ഇതിനെ എതിര്‍ത്തതോടെ ഇവര്‍ക്ക് പിന്മാറേണ്ടി വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പശുക്കള്‍ക്ക് സംരക്ഷണം ഒരുക്കാനുള്ള തീരുമാനം ക്യാംപസിനകത്ത് നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.

ഐഐടി ക്യാംപസിനകത്ത് ഏതാണ്ട് നാല്‍പ്പതോളം നാല്‍ക്കാലികളാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഇത്തരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പശുസ്നേഹികളുടെ ലക്ഷ്യമെന്നും അല്ലാതെ ക്യാംപസിനകത്ത് ഗോശാല പദ്ധതി ഇല്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

Exit mobile version