ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഞായറാഴ്ച നടത്തിയ പോസ്റ്റ്മാന്‍ പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമായി പരീക്ഷ നടത്തിയതാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത്. റദ്ദാക്കിയ പരീക്ഷ തമിഴും മലയാളവും ഉള്‍പ്പെടെ എല്ലാ പ്രാദേശികഭാഷകളിലുമായി വീണ്ടും നടത്തുമെന്ന് വാര്‍ത്താവിനിമയമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ ഉറപ്പുനല്‍കി.
ഈ കാര്യം ഉന്നയിച്ച് എഐഎഡിഎംകെ ഡിഎംകെ അംഗങ്ങള്‍ രാജ്യസഭയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നാലുതവണ തടസപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പോസ്റ്റ്മാന്‍ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തിയതിനാല്‍ തമിഴ്നാട്ടിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതായി എംപിമാര്‍ കുറ്റപ്പെടുത്തി. പരീക്ഷ റദ്ദാക്കണമെന്നും തമിഴില്‍ വീണ്ടും നടത്തണമെന്നും തമിഴ്നാട്ടിലെ കക്ഷികള്‍ ആവശ്യപ്പെട്ടു. എല്ലാ പ്രാദേശികഭാഷകളിലും പരീക്ഷവേണമെന്ന് ബംഗാളില്‍നിന്നടക്കമുള്ള അംഗങ്ങളും ആവശ്യമുന്നയിച്ചതോടെ വീണ്ടും സഭ നിര്‍ത്തേണ്ടി വന്നു. 2.30ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് പരീക്ഷ റദ്ദാക്കിയെന്നും വീണ്ടും നടത്തുമെന്നുള്ള കാര്യം പ്രഖ്യാപിക്കുകയായിരുന്നു.
