33 ജില്ലകളില്‍ 30 ഉം വെള്ളത്തിനടിയില്‍, ആസാമിനെ സഹായിക്കണം; ശമ്പളത്തിന്റെ പകുതി സംഭാവന ചെയ്തും സഹായം അഭ്യര്‍ത്ഥിച്ചും ഹിമ ദാസ്

ട്വിറ്ററിലൂടെയും ഹിമാ ദാസ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഗുവാഹത്തി: ആസാമില്‍ പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കായിക താരം ഹിമ ദാസ്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 30 എണ്ണവും വെള്ളത്തിനടിയില്‍ ആണെന്നും വ്യക്തികളും കോര്‍പറേറ്റുകളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായഹസ്തവുമായി രംഗത്ത് വരണമെന്നാണ് ഹിമ ദാസ് അഭ്യര്‍ത്ഥിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഹിമ ദാസ് അഭ്യര്‍ത്ഥിച്ചത്.

അതോടൊപ്പം സംഭാവന ചെയ്യാനും ഹിമ മടിച്ചില്ല. ശമ്പളത്തിന്റെ പകുതി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുകയായിരുന്നു. ട്വിറ്ററിലൂടെയും ഹിമാ ദാസ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ആസാമിലെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയായത്.

7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ വഷളായതോടെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. പലയിടങ്ങളിലും റോഡ്, റെയില്‍വേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതര്‍ അറിയിച്ചു. എട്ട് ലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിരിക്കുന്നത്.

Exit mobile version