നന്മ മനസിനെ തേടി വീണ്ടും അംഗീകാരം; സംഗീതമത്സരത്തിലെ സമ്മാനത്തുക സുഹൃത്തിന് നല്‍കിയ ഇന്ത്യക്കാരന് ഇത്തവണ ലഭിച്ചത് രണ്ട് ലക്ഷം

കഴിഞ്ഞ മേയില്‍ നടന്ന മത്സരത്തില്‍ ഒരു ലക്ഷം രൂപയാണ് വിജയിയായ ഷാഹിറിന് ലഭിച്ചത്.

ദുബായ്: നന്മ മനസിനെ തേടി വീണ്ടും ലക്ഷങ്ങളുടെ ഭാഗ്യം. റിയാലിറ്റി ഷോയില്‍ നേടിയ സമ്മാനതുക സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് നല്‍കിയ യുവാവിന് വീണ്ടും അംഗീകാരം ലഭിച്ചു. ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കായി നടത്തിയ കളേഴ്‌സ് കാ സര്‍താജ് എന്ന സംഗീത മല്‍സരത്തിലാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഷാഹിറിന് ഒന്നാം സമ്മാനം ലഭ്യമായത്.

കഴിഞ്ഞ മേയില്‍ നടന്ന മത്സരത്തില്‍ ഒരു ലക്ഷം രൂപയാണ് വിജയിയായ ഷാഹിറിന് ലഭിച്ചത്. കിട്ടിയ തുക അങ്ങനെ തന്നെ ഷാഹിര്‍ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനായി നല്‍കുകയായിരുന്നു. അന്ന് ഏറെ പ്രശംസ നേടികൊടുത്തിരുന്നു ഈ നന്മയ്ക്ക്. പിന്നാലെയാണ് ജൂണില്‍ നടന്ന സംഗീതമത്സരത്തില്‍ ഷാഹിര്‍ ഒന്നാമത് എത്തുന്നത്. യുഎഇയില്‍ ഇലക്ട്രീഷ്യനാണ് ഷാഹിര്‍.

കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച തുക മറ്റൊരാളെ സഹായിക്കാന്‍ ഉപയോഗിച്ചതിന് ദൈവം കനിഞ്ഞതാണ് രണ്ടാമത്തെ മത്സരത്തിലെ സമ്മാനമെന്ന് ഷാഹിര്‍ പറയുന്നു. ഒന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയാണ് ഷാഹിറിന് ലഭിച്ചത്. നാട്ടില്‍ വീടുപണി നടക്കുകയാണ്, അതുകൊണ്ട് ഈ സമ്മാനത്തുക ഏറെ സഹായകരമാകുമെന്ന് ഷാഹിര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version