ഛത്തീസ്ഗഡ് ജനവിധി; ആദ്യഘട്ട വോട്ടെടുപ്പ് നാളെ, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

നക്‌സല്‍ സ്വാധീനമുള്ള ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങി 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട പോളിങ് നടക്കുക

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നക്‌സല്‍ സ്വാധീനമുള്ള ബസ്തര്‍, ദന്തേവാഡ, ബിജാപൂര്‍ തുടങ്ങി 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട പോളിങ് നടക്കുക.

മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവാണ് നാളെ പോളിഗ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായത്. നാലാംവട്ടം ജനഹിതം തേടുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപി മുന്‍ ദേശീയ ഉപാദ്ധ്യക്ഷ കരുണ ശുക്‌ളയാണ്. എബി വാജ്‌പേയിയുടെ അനന്തരവളാണ് കരുണ ശുക്‌ള.

രമണ്‍ സിങിന്റെ വികസന കാര്‍ഡ് പ്രചാരണ ആയുധമാക്കി നാലാം തവണയും അധികാരത്തിലെത്താനുളള ശ്രമത്തിലാണ് ബിജെപി. 60 സീറ്റിന്റെ ഭൂരിപക്ഷമെങ്കിലും നേടാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്ത് കൈമോശം വന്ന രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. രമണ്‍ സിങ് സര്‍ക്കാറിനെതിരായ അഴിമതികളും കര്‍ഷക പ്രശ്‌നങ്ങളും നക്‌സല്‍ ആക്രമണങ്ങളുമാണ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കുന്നത്.

അതേസമയം വോട്ട് ചെയ്യുന്നതിനെതിരെ മാവോയിസ്റ്റുകള്‍ മിക്കയിടത്തും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്.

Exit mobile version