മാപ്പ് പറയണം ഇല്ലെങ്കിൽ ബഹിഷ്‌ക്കരിക്കും; കങ്കണയ്‌ക്കെതിരെ ഒറ്റക്കെട്ടായി മാധ്യമപ്രവർത്തകർ

'ജഡ്ജ്‌മെന്റൽ ഹെ ക്യാ' എനന് ചിത്രത്തിന്റേയും നിർമ്മാതാവ് ഏക്താ കപൂർ തന്നെയാണ്.

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബഹിഷ്‌കരിക്കാനൊരുങ്ങി മാധ്യമപ്രവർത്തകർ. കഴിഞ്ഞ ദിവസം കങ്കണയുടെ പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റൽ ഹെ ക്യാ’യുടെ പാട്ട് ലോഞ്ച് നടത്തുന്നതിനിടെ താരം മാധ്യമപ്രവർത്തകർക്ക് നേരെ തട്ടികയറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംഭവത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹിഷ്‌കരിക്കുമെന്ന ഉറച്ച നിലപാടിലാണ് മാധ്യമപ്രവർത്തകർ. പ്രമുഖ നിർമ്മാതാവായ ഏക്താ കപൂറിനോടാണ് മാധ്യമപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്.

‘ജഡ്ജ്‌മെന്റൽ ഹെ ക്യാ’ എന്ന ചിത്രത്തിന്റേയും നിർമ്മാതാവ് ഏക്താ കപൂർ തന്നെയാണ്. അതിനാലാണ് ബഹിഷ്‌ക്കരണ കാര്യം ഏക്താ കപൂറിനോട് തന്നെ പറഞ്ഞതും. ചിത്രത്തിന്റെ പാട്ട് ലോഞ്ച് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകനോട് കങ്കണ തട്ടിക്കയറുകയായിരുന്നു. ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവാണ് മണികർണികയ്ക്ക് വേണ്ട പ്രമോഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് കങ്കണ ആരോപിച്ചിരുന്നു.

റാവു ഇത് നിഷേധിച്ചു, എന്നാൽ കങ്കണ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമപ്രവർത്തകരുടെ സംഘടന കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടത്. എന്നാൽ എന്തെല്ലാം ഉണ്ടായാലും മാപ്പ് പറയില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ് കങ്കണ എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കങ്കണ മാപ്പ് പറയില്ലെന്ന് ഞാൻ ഉറപ്പ് തരാമെന്നും, നിങ്ങൾക്ക് ആളുമാറിപ്പോയെന്നും സഹോദരി രംഗോലി ട്വീറ്റ് ചെയ്തു.

താരം മാപ്പ് പറയാനുള്ള സാധ്യതകൾ മാനേജരും തള്ളിയിട്ടുണ്ട്. എന്നാൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കങ്കണയെ ബഹിഷ്‌കരിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മാധ്യമപ്രവർത്തകരും അറിയിച്ചു. ചിത്രം റിലീസ് ചെയ്യാനിരിക്കെ നായികയ്ക്ക് മാധ്യമങ്ങൾ വിലക്കേർപ്പെടുത്തുന്നത് ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല.

Exit mobile version