കുല്‍ഭൂഷന്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ജൂലൈ 17ന്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെതിരായ ചാരക്കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലൈ 17ന് വിധി പറയും. വധശിക്ഷ വിധിച്ച പാകിസ്താന്‍ കോടതി വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.

കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നാല് ദിവസം തുടര്‍ച്ചയായി കോടതി വാദം കേട്ടിരുന്നു. ഇന്ത്യയും പാകിസ്താനും അവരവരുടെ വാദങ്ങള്‍ കോടതിക്ക് മുന്നില്‍ നിരത്തി.

കുല്‍ഭൂഷണ്‍ ജാദവിന് എതിരായ നടപടി വിയന്ന കണ്‍വെന്‍ഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇന്ത്യ പ്രധാനമായും വാദിച്ചത്. ജാദവിനെതിരായ വധശിക്ഷ അടിയന്തര പ്രാധാന്യത്തോടെ റദ്ദാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതേസമയം കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനായിരുന്നുവെന്ന വാദത്തില്‍ പാകിസ്താന്‍ ഉറച്ചുനിന്നു.

2016 ഏപ്രില്‍ മൂന്നിന് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. ഇറാന്‍ വഴി പാകിസ്താനിലേക്ക് കടന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചു. പാക് കോടതി വിധിക്ക് എതിരെ 2017 മെയ് 18ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version