കനത്ത മഴ; മുംബൈയില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി, 54 സര്‍വീസുകള്‍ വഴി തിരിച്ച് വിട്ടു, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കനത്ത മഴയെ തുടര്‍ന്ന് നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കി

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന ്‌തെന്നി മാറി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. അതേസമയം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ മഴയുടെ ശക്തി വര്‍ധിച്ചതോടെ വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താത്കാലികമായി അടച്ചിട്ടു.

ഇതേ തുടര്‍ന്ന് 54 വിമാനങ്ങള്‍ അഹമ്മദാബാദ്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്ന് മറ്റ് വിമാനകമ്പനികളും അറിയിച്ചു.

റെയില്‍വേ ട്രാക്കില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പതിമൂന്നോളം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. നഗരത്തിലെ പലയിടങ്ങളിലും വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വരും മണിക്കൂറുകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.

Exit mobile version