കടുത്ത സാമ്പത്തിക പ്രതിസന്ധി; കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി

വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു ഭീമന്‍ ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്.

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനി. എല്ലാ സാമ്പത്തിക പ്രയാസത്തില്‍ നിന്നും കരയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ ആണ് തീരുമാനം. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു ഭീമന്‍ ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്. വില്‍ക്കാന്‍ സാധിച്ചാല്‍ 3000 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം അനില്‍ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. സാന്താക്രൂസിലെ ഓഫീസ് ഉപേക്ഷിച്ച് സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്കു മടങ്ങുമെന്നാണ് അംബാനി പറയുന്നത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫീസ് കൈയ്യൊഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് 5000 കോടിയില്‍ താഴെയാണ് കടം നില്‍ക്കുന്നത്. കമ്പനി വില്‍ക്കുന്നതിലൂടെ കടം വീട്ടാനാകും എന്ന വിലയിരുത്തലിലാണ്. അനില്‍ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെഎല്‍എല്‍നെ ആണു റിലയന്‍സ് നിയമിച്ചിട്ടുള്ളത്.

Exit mobile version