28 വര്‍ഷം പഴക്കമുള്ള കേസില്‍ ഉറുദു ദിനപത്രത്തിന്റെ ഉടമയായ ഗുലാം ജീലാനി ഖദ്രി അറസ്റ്റില്‍! അപമാനിക്കാനാണെന്ന് കുടുംബം

28 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടാഡ കോടതി സമന്‍സ് അയച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ശ്രീനഗര്‍: 28 വര്‍ഷം പഴക്കമുള്ള കേസില്‍ ഉറുദു ദിനപത്രത്തിന്റെ ഉടമയായ ഗുലാം ജീലാനി ഖദ്രി(62) അറസ്റ്റില്‍. ശ്രീനഗറില്‍ പുറത്തിറങ്ങുന്നതാണ് ഉറുദു ദിനപത്രം. തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയാണ് ജീലാനി ഖദ്രിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ഖദ്രിയെ വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു.

28 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടാഡ കോടതി സമന്‍സ് അയച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. എന്നാല്‍ അദ്ദേഹത്തിനെതിരെയുള്ളത് കള്ളക്കേസ് ആണെന്നും, ഇത് അപമാനിക്കാനാണ് ശ്രമം നടത്തുന്നതെന്നും ഖദ്രിയുടെ സഹോദരന്‍ ആരോപിച്ചു. നിരോധിത സമയത്ത് പത്രം വിതരണം ചെയ്തതിനാണ് ഗുലാം ജീലാനി ഖദ്രി, ഖ്വാജ സനാഉള്ള, ഗുലാം അഹമ്മദ് സോഫി, ഷബാന്‍ വാകില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഖാദ്രി ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചു.

1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഖദ്രി ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദിനവും അദ്ദേഹം ഓഫീസില്‍ പോവുകയും തിരിച്ചെത്തുകയും ചെയ്യുന്നുണ്ടെന്ന് വീട്ടുകാരും വ്യക്തമാക്കി. ഇദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. സര്‍ക്കാര്‍ പുരസ്‌കാരം നേടിയ പത്രപ്രവര്‍ത്തര്‍ക്കെതിരെ പോലും കേസുണ്ടെന്ന് ഖദ്രിയുടെ സഹോദരന്‍ പറഞ്ഞു.

Exit mobile version