മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ഇതുവരെ എടുത്തത് 145 കുഞ്ഞുങ്ങളുടെ ജീവന്‍! കാരണം ഇപ്പോഴും അവ്യക്തം

സംഭവത്തില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുമുണ്ട്.

പട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരണമടയുന്ന കുട്ടികളുടെ എണ്ണം 145 ആയി. ദിനംപ്രതി നിരവധി കുട്ടികളാണ് മരിച്ചു വീഴുന്നത്. ശ്രീകൃഷ്ണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (എസ്‌കെഎംസിഎച്ച്) ശനിയാഴ്ച മൂന്നു കുട്ടികളാണ് മരിച്ചത്. ജൂണ്‍ ഒന്നിനു ശേഷം ഇവിടെ മാത്രം 104 കുട്ടികളാണ് മരണപ്പെട്ടത്.

എസ്‌കെഎംസിഎച്ചിലും കെജരിവാള്‍ ആശുപത്രിയിലുമായി മസ്തിഷ്‌കജ്വരം ബാധിച്ച് നൂറുകണക്കിനു കുട്ടികളാണ് ചികിത്സയിലുള്ളത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നു ക്രമാതീതമായി കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയാണ് മസ്തിഷ്‌കജ്വരത്തിന്റെ കാരണമായി പറയുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ മൂപ്പെത്താത്ത ലിച്ചിപ്പഴം കഴിക്കുന്നതാണ് ഇതിനുകാരണമെന്ന് ആരോഗ്യമേഖലയിലെ ചിലര്‍ പറയുന്നു.

ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കുട്ടികള്‍ ദിനംപ്രതി മരിച്ചു വീഴുന്നതിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തന്നെ തുടരുകയാണ്. സംഭവത്തില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുമുണ്ട്. അതേസമയം മുസാഫര്‍പുരില്‍ 13.5 ലക്ഷം ഒആര്‍എസ് പാക്കറ്റുകള്‍ വിതരണംചെയ്തതായും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവത്കരണപരിപാടികള്‍ ഊര്‍ജിതമാക്കിയതായും ജില്ലാഭരണകൂടം ശനിയാഴ്ച അറിയിച്ചു.

Exit mobile version