അത്താഴ വിരുന്നിനായി പൊടിക്കുന്ന പണം ബിഹാറിലെ ആ കുരുന്ന് ജീവനുകള്‍ രക്ഷിക്കാനായി കൊടുക്കൂ; മോഡിയുടെ അത്താഴ വിരുന്ന് ബഹിഷ്‌കരിച്ച് ആര്‍ജെഡി

കുട്ടികളുടെ മരണത്തില്‍ വ്യാപക പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്.

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്ന് ബഹിഷിക്കരിച്ച് ആര്‍ജെഡി. ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചു വീഴുന്ന സാഹചര്യത്തിലാണ് ആര്‍ജെഡിയുടെ ബഹിഷ്‌കരണം. ദിനം പ്രതി 10ഉം 20ഉം കുട്ടികളാണ് മരിക്കുന്നത്. ഇതുവരെ നൂറിലേറെ കുട്ടികളാണ് മരിച്ചിരിക്കുന്നത്.

കുട്ടികളുടെ മരണത്തില്‍ വ്യാപക പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്. നിതീഷ് കുമാറിനെതിരെ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ജെഡിയുടെ ബഹിഷ്‌കരണം. അത്താഴ വിരുന്നിനായി ചെലവഴിക്കുന്ന പണം ബിഹാറില്‍ മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും എത്തിക്കാന്‍ ഉപയോഗിക്കണമെന്ന് ആര്‍ജെഡി നേതാവ് മിസ ഭാരതി ആവശ്യപ്പെടുകയും ചെയ്തു.

മുസാഫര്‍പുരില്‍ നിന്ന് മാത്രം 118 കുട്ടികളാണ് മരിച്ചത്. മോത്തിഹാരിയില്‍ 12 കുട്ടികളും ബെഗുസരായില്‍ ആറു കുട്ടികളും രോഗംബാധിച്ച് മരിച്ചു. ജൂണ്‍ ഒന്നു മുതല്‍ മുന്നൂറിലധികം കുട്ടികളാണ് രോഗലക്ഷണങ്ങളുമായി എസ്‌കെഎംസിഎച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കെജരിവാള്‍ ആശുപത്രിയിലും കുട്ടികള്‍ ചികിത്സയിലുണ്ട്.

മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു. കഴിഞ്ഞ 14 വര്‍ഷമായി ബിഹാറില്‍ അധികാരത്തില്‍ തുടരുന്ന നിതീഷ് കുമാര്‍ ഈ മരണങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് റാബറി ദേവിയും കുറ്റപ്പെടുത്തി.

Exit mobile version