നിയന്ത്രിക്കാനാകാതെ മരണ നിരക്ക്; ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി

1 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്.

പാറ്റ്ന; ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. മുസാര്‍ഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി 418 കുട്ടികള്‍ ചികിത്സയിലാണ്. മുസാഫര്‍പൂരില്‍ മാത്രമായിരുന്നു നേരത്തെ മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സമീപ ജില്ലകളിലും മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്ക് ചമ്പാരന്‍ ജില്ലയിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്.

1 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്. അതെസമയം മരണം നിയന്ത്രിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഇന്നലെ മുസാഫര്‍പൂരിലെ ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിനെ മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

അതിനിടെ മുസാഫര്‍പൂറില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേയക്കും, മുഖ്യമന്ത്രി നീതിഷ് കുമാറിനും, ഉപമുഖ്യമന്ത്രി സുഷില്‍ മോഡിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ബോധവത്കരണം മന്ത്രിമാര്‍ നടത്തിയില്ല എന്നാണ് കേസ്.രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Exit mobile version