‘നോട്ട് മാറിയെടുക്കാന്‍ നാം തെരുവിലെ ക്യൂവില്‍, ഈ സമയം അവര്‍ ജനങ്ങളുടെ പണവുമായി രാജ്യം വിടുകയായിരുന്നു’ മോഡി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കൂടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കാന്‍കര്‍: കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചണ്ഡീഗഡിലെ തെരഞ്ഞെടുപ്പ് ക്യാമ്പയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെയും ജനവിരുദ്ധകര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തിയത്.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിര്‍ത്തിച്ച് ആ സമയം കള്ളപ്പണക്കാര്‍ക്ക് സാധാരണക്കാരന്റെ പണം കൊണ്ട് രാജ്യം വിടാനുള്ള അവസരവും മോഡി ഒരുക്കുകയായിരുന്നുവെന്ന് രാഹുല്‍ തുറന്നടിച്ചു. ‘നോട്ട് നിരോധത്തിന് ശേഷം നിങ്ങളെല്ലാവരും വലിയ ക്യൂവിന് പിറകില്‍ നിന്നു. ആ സമയം നിങ്ങളുടെ പണവും കൊണ്ട് നീരവ് മോദിയും വിജയ് മല്യയും ലളിത് മോദിയും മെഹുല്‍ ചോക്സിയും ഈ രാജ്യത്ത് നിന്ന് തന്നെ കടന്നുകളയുകയായിരുന്നു.

അതിനുള്ള അവസരം നോട്ട് നിരോധിച്ചവര്‍ തന്നെ ഒരുക്കുകയായിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കാനെന്ന പേരില്‍ നടത്തിയ നോട്ട് നിരോധനത്തില്‍ കള്ളപ്പണം മാത്രം ലഭിച്ചതുമില്ല. -രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ കൂടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Exit mobile version