തെളിവുകള്‍ കണ്ടെത്താനായില്ല; നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ അന്വേഷണം തുടരാനാവില്ലെന്ന് പോലീസ്

2008ല്‍ ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീ ദത്തയുടെ ആരോപണം

മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു തനുശ്രീ ദത്ത നാനാ പടേക്കര്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം. എന്നാല്‍ ഈ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും അതുകൊണ്ട് തന്നെ ഇതിന്റെ അന്വേഷണം തുടരാന്‍ ആവില്ലെന്നും മുംബൈ പോലീസ് അറിയിച്ചു.

തെളിവുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പോലീസ് സമര്‍പ്പിക്കുന്ന ‘ബി സമ്മറി’ റിപ്പോര്‍ട്ടാണ് ഈ കേസിലും സമര്‍പ്പിച്ചിരിക്കുന്നത്. 2008ല്‍ ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടി കാരണം ആരും മുന്നോട്ടുവരുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസും നല്‍കിയിരുന്നു.

നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് തനുശ്രീ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Exit mobile version