യോഗി ആദിത്യനാഥിനെതിരെ കുറിപ്പ്; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ സുപ്രീംകോടതിയിലേയ്ക്ക്, ഹര്‍ജി നാളെ പരിഗണിക്കും

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ സുപ്രീംകോടതിയിലേയ്ക്ക്. ഇവരുടെ ഹര്‍ജി നാളെ പരിഗണിക്കും. ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറയാണ് കോടതിയെ സമീപിച്ചത്.

പ്രശാന്ത് കനോജിയയെ കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്ന് കയറ്റമാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പോലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്.

Exit mobile version