ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തത്ക്കാലം അമിത്ഷാ തന്നെ തുടരുമെന്ന് സൂചന; ജെപി നദ്ദ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ആയേക്കും

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ തുടരുമെന്ന് സൂചന. ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നത്. എന്നാല്‍ വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരാനാണ് സാധ്യത.

അധ്യക്ഷ പദത്തില്‍ അമിത്ഷാ തുടര്‍ന്ന് മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിക്കാമെന്ന ആലോചനയാണ് ബിജെപിക്കകത്ത് എന്നാണ് വിവരം. അങ്ങനെ എങ്കില്‍ മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെക്കും. അമിത്ഷാക്ക് പകരം ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും നദ്ദയായിരുന്നു.

പ്രധാന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടെന്നാണ് വിവരം. നിലവില്‍ അമിത് ഷായുടെ ദേശീയ അധ്യക്ഷന്‍ എന്ന പദവി ജനുവരിയില്‍ കഴിഞ്ഞതായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാലാവധി നീട്ടുകയായിരുന്നു.

ഈ വര്‍ഷം അവസാനമാണ് മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ ഹരിയാനയിലും ജാര്‍ഖണ്ഡിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് ബിജെപി. അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനും ബിജെപിയില്‍ കളമൊരുങ്ങുകയാണ്. മണ്ഡലം പ്രസിഡന്റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബിജെപിയുടെ ‘സംഘടന്‍ പര്‍വ്വി’ന് അടുത്തമാസം തുടക്കമാകും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ചുമതലയുള്ള ഭാരവാഹികളുടെ യോഗം വ്യാഴം, വെള്ളി ദിവസങ്ങളിലായി ഡല്‍ഹിയില്‍ അമിത് ഷാ വിളിച്ചിട്ടുണ്ട്.

Exit mobile version