കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് മോഡി തിരുത്തും, 2047 വരെ രാജ്യത്തിന്റെ അധികാരം ബിജെപിയുടെ കൈയില്‍; രാം മാധവ്

ത്രിപുരയിലെ ബിജെപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാം മാധവ് ഇത്തരത്തില്‍ പറഞ്ഞത്

അഗര്‍ത്തല: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടി എന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് മോഡി തിരുത്തുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. ത്രിപുരയിലെ ബിജെപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാം മാധവ് ഇത്തരത്തില്‍ പറഞ്ഞത്.

‘രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. 1950 മുതല്‍ 1977 വരെ. എന്നാല്‍ മോഡിജി ഈ റെക്കോര്‍ഡ് തിരുത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം വരെ 2047 ബിജെപി അധികാരത്തിലുണ്ടാവും’ എന്നാണ് രാം മാധവ് പ്രസംഗത്തില്‍ പറഞ്ഞത്.

2022 ആകുമ്പോഴേക്കും രാജ്യത്ത് തൊഴിലില്ലാത്തവരും സ്വന്തമായി മേല്‍ക്കുര ഇല്ലാത്തവരുമായി ആരുമുണ്ടാവില്ലെന്നും2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ ‘വിശ്വഗുരു’ ആയി നില്‍ക്കുമെന്നും രാം മാധവ് പറഞ്ഞു. ഇതിന് പുറമെ ബിജെപിയുടെ ഡിഎന്‍എ തന്നെ ദേശീയത ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version