ബിജെപിയില്‍ നിന്നത് ആറ് ദിവസം; രാജിവെയ്ക്കാന്‍ ഒരുങ്ങി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ നിരവധി അതിക്രമങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ പരസ്യമായി വീമ്പുപറച്ചില്‍ നടത്തുകയും ചെയ്തിട്ടുള്ള നേതാവ് കൂടിയായിരുന്നു മൊനീറുള്‍

കൊല്‍ക്കത്ത: ബിജെപിയില്‍ ചേര്‍ന്ന് ആറാം ദിവസം തന്നെ രാജിവെയ്ക്കാന്‍ തീരുമാനം എടുത്ത് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊനീറുള്‍ ഇസ്ലാം. തന്റെ പാര്‍ട്ടിപ്രവേശത്തെ ബിജെപി നേതാക്കളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാചര്യത്തിലാണ് രാജി തീരുമാനമെന്ന് മൊനീറുള്‍ പറയുന്നു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് മൊനീറുള്‍ ഇസ്ലാം. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

എന്നാല്‍, മൊനീറുളിന്റെ പ്രവേശത്തോടെ ബിജെപി പശ്ചിമബംഗാള്‍ ഘടകത്തില്‍ ഭിന്നിപ്പുകളുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ തങ്ങള്‍ പരിശ്രമം നടത്തുന്നതിനിടെയുള്ള മൊനീറുളിന്റെ ബിജെപി പ്രവേശം പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ സ്വീകരിച്ച നിലപാട്.

രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ നിരവധി അതിക്രമങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ പരസ്യമായി വീമ്പുപറച്ചില്‍ നടത്തുകയും ചെയ്തിട്ടുള്ള നേതാവ് കൂടിയായിരുന്നു മൊനീറുള്‍. ഇതാണ് ബിജെപിയിലെ ഒരുവിഭാഗത്തിന്റെ അതൃപ്തിക്ക് കാരണമായത്. പൊതുപ്രവര്‍ത്തകരും ബിജെപിയിലെ നിരവധി മുതിര്‍ന്ന നേതാക്കളും മൊനീറുളിന്റെ രാഷ്ട്രീയമാറ്റത്തോട് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്.

മൊനീറുളിനെ പാര്‍ട്ടിയിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ബിജെപി അംഗത്വം രാജിവയ്ക്കാന്‍ മൊനീറുള്‍ തീരുമാനിച്ചത്. രാജിവയ്ക്കാനുള്ള മൊനീറുളിന്റെ തീരുമാനം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version