നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ന് നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനമാണ്. ഇപ്പോള്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് ജെറ്റ്‌ലിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ലക്ഷ്യം ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കുള്ള പ്രധാനപടിയായിരുന്നു. ഇത് കാരണം നികുതി അടയ്ക്കാതെയുള്ള ഒഴിഞ്ഞുമാറല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമര്‍ശനമായി എല്ലാവരും ഉയര്‍ത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തി എന്നതാണ്. നോട്ടു കണ്ടുകെട്ടല്‍ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറലും ജനങ്ങളെ നികുതി അടക്കാന്‍ പ്രാപ്തലാക്കലുമായിരുന്നു വിശാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങള്‍.’ ജെയ്റ്റ്‌ലി പറയുന്നു.

കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് രാജ്യത്തെ മാറ്റാന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഒരു ഇളക്കം ആവശ്യമായിരുന്നു. നികുതി വരുമാനത്തില്‍ ഇത് വലിയ സ്വാധീനം ഉണ്ടാക്കുമെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.

Exit mobile version