സ്‌ഫോടനങ്ങളെ അതിജീവിക്കുന്ന ബുള്ളറ്റ് പ്രൂഫ്, സെന്‍സര്‍ പാളികള്‍; മോഡിക്കായി ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷയുള്ള ഹൈടെക് വാഹനങ്ങള്‍

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള സെന്‍സര്‍ പാളികളാണ് കാറിന്റെ ഏറ്റവും വലിയ സവിശേഷത.

ന്യൂഡല്‍ഹി: സ്‌ഫോടനങ്ങളെ അതിജീവിക്കുന്ന ബുള്ളറ്റ് പ്രൂഫ്, സെന്ഡസര്‍ പാളികള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ മികച്ച ഡ്രൈവര്‍മാര്‍ ഇങ്ങനെ നീളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി ഒരുക്കിയിരിക്കുന്ന ഹൈടെക് വാഹനത്തിന്റെ പ്രത്യേകതകള്‍. ഇത്തവണ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റേഞ്ച് റോവറിന്റെ അതീവ സുരക്ഷാ വകഭേദം സെന്റിനെല്‍ ആണ് പ്രധാനമന്ത്രിയായ ശേഷമുള്ള ഔദ്യോഗിക വാഹനം. ബിഎംഡബ്ല്യു സെവന്‍ സീരിസിന്റെ അതീവ സുരക്ഷാ വകഭേദം.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള സെന്‍സര്‍ പാളികളാണ് കാറിന്റെ ഏറ്റവും വലിയ സവിശേഷത. സ്‌ഫോടനങ്ങളെ അതിജീവിക്കുന്ന ബുള്ളറ്റ് പ്രൂഫിനു പുറമെ പ്രതിരോധത്തിനായി സായുധ കവചവും ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും ഒരുക്കിയിട്ടുണ്ട്. അപകട ഘട്ടങ്ങളില്‍ പരിക്കേല്‍ക്കാതെ പുറത്തിറങ്ങാന്‍ എമര്‍ജന്‍സി വാതിലും ഉണ്ട്. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിവുള്ള സെന്‍സറുകള്‍ ടയറുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറി അതിജീവിക്കാന്‍ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഈ വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത.

കൂടാതെ 30ഓളം വാഹനങ്ങള്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവും. ഇതില്‍ ഏതാനും കാറുകള്‍ ജാമറുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ സ്ഥാപിച്ചവയാണ്. സുരക്ഷാവിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കു പുറമെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്ഥ സംഘം, വിവിഐപിയെ അനുഗമിക്കുന്ന മാധ്യമസംഘം എന്നിവരും വാഹനവ്യൂഹത്തിലുണ്ടാകും. ഇതുകൂടാതെ ഡോക്ടര്‍മാരടക്കമുള്ള ആംബുലന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആകാശയാത്രകള്‍ക്കായി ഉപയോഗിക്കുന്നത് ബോയിങ് 777-4000 ഇആര്‍ വിമാനം. എയര്‍ ഇന്ത്യ വണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാഹനം ഇന്ത്യന്‍ വ്യോമസേനയുടെ ചുമതലയിലാണ്. പ്രധാനമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിന് സഞ്ചരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ മെഴ്‌സിഡീസ് ബെന്‍സിന്റെ സ്പിന്റര്‍ വാനും ഇലക്ട്രോണിക് കൗണ്ടര്‍മെഷര്‍ വാഹനമായി ഒരു ടാറ്റ സഫാരിയുമുണ്ടാകും പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍.

Exit mobile version