വീണ്ടും പ്രധാനമന്ത്രിയായി മോഡി; വഴിയാത്രക്കാരുടെ ഷൂമിനുക്കി ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

ഇന്‍ഡോറിലെ റാഡിസണ്‍ സ്‌ക്വയറില്‍ ഷൂ മിനുക്കി നല്‍കിയുള്ള ആഘോഷം പ്രവര്‍ത്തകര്‍ നടത്തിയത്

ഇന്‍ഡോര്‍: വീണ്ടും അധികാരത്തിലേറി മോഡിയും എന്‍ഡിഎയും. എന്നാല്‍ രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറിയ മോഡിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചത് വഴിയാത്രക്കാരുടെ ഷൂമിനുക്കിക്കാണ്. മോഡി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെയാണ് ഇന്‍ഡോറിലെ റാഡിസണ്‍ സ്‌ക്വയറില്‍ ഷൂ മിനുക്കി നല്‍കിയുള്ള ആഘോഷം പ്രവര്‍ത്തകര്‍ നടത്തിയത്.

ബിജെപി കൗണ്‍സിലറായ സഞ്ചയ് കഠാരിയയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ആഘോഷം സംഘടിപ്പിച്ചത്. ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് നരേന്ദ്ര മോഡി എന്നാണ് കഠാരിയ പറഞ്ഞത്. ഇതിന് ഉദാഹരണമാണ് സ്വച്ഛ് ഭാരത് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനായി അദ്ദേഹം സ്വയം ചൂലെടുത്ത് ഇറങ്ങിയത്. ഇതിന് പുറമെ മോഡി വിഐപി സംസ്‌കാരം ഇല്ലാതാക്കിയെന്നും കഠാരിയ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്.

Exit mobile version