മോഡി മന്ത്രിസഭയില്‍ കേരളത്തിലെ ഏകമന്ത്രി; വി മുരളീധരന്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍.

സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായാണ് മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിലാണ് മുരളീധരന്‍ സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയും മുരളീധരനാണ്. ബിജെപി പാര്‍ട്ടി പ്രതിനിധിയെ ആദ്യമായാണ് കേരളത്തില്‍ നിന്നും മന്ത്രിയാക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി.

മുന്‍ എബിവിപി അഖിലേന്ത്യാ സെക്രട്ടറിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന വി മുരളീധരന് അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുരളീധരനെ വിളിച്ച് മന്ത്രിസ്ഥാനത്തെക്കുറിച്ച് അറിയിച്ചത്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുക്കിയ ചായസല്‍ക്കാരത്തിലും അദ്ദേഹം പങ്കെടുത്തു.

തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി രാഷ്ട്രീയമേഖലയില്‍ സജീവമായി. തലശേരി ബ്രണ്ണന്‍ കോളെജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം നേടിയെങ്കിലും എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി മുരളീധരന്‍ മാറി. പിന്നീട് പ്രര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി.

എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു വര്‍ഷം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്റ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു.

13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു. 2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ
മുരളീധന്‍ 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി. ചേളന്നൂര്‍ എസ്എന്‍ കോളെജ് അധ്യാപിക ഡോ. കെഎസ് ജയശ്രീയാണ് ഭാര്യ.

Exit mobile version