സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം മാത്രം; തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകളില്‍ മുഴുകി മോഡിയും അമിത് ഷായും

മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചയാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്.

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍ ഇന്ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചയാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. അതിനിടെ മോഡി മന്ത്രിസഭയിലെ മന്ത്രിമാരുടെ ഏകദേശ പട്ടികയും പുറത്ത് വന്നിട്ടുണ്ട്.

നിലവില്‍ മന്ത്രിമാരായ സുഷമാ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ മേഘ്വാള്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. സ്മൃതി ഇറാനിക്കും മന്ത്രിപദം ഉറപ്പാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബോലാസിംഗും കര്‍ണാടകത്തില്‍ നിന്ന് സദാനന്ദ ഗൗഡയും സുരേഷ് അംഗഡിയും മന്ത്രിസഭയില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കിരണ്‍ റിജ്ജുവിനും മധ്യപ്രദേശില്‍ നിന്നുള്ള പ്രഹ്ലാദ് പട്ടേലിനും മന്ത്രിസഭയിലേക്ക് എത്താനുള്ള ക്ഷണം കിട്ടിയിട്ടുണ്ട്. ദളിത് അംഗങ്ങളില്‍ നിന്ന് രാംദാസ് അത്താവാലെയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. ബബുല്‍ സുപ്രിയോ, കൈലാശ് ചൗധരി എന്നിവരും കേന്ദ്രമന്ത്രിമാരായേക്കും.

സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം മാത്രമെ നല്‍കൂവെന്ന തീരുമാനം സഖ കക്ഷി നേതാക്കളെ ബിജെപി അറിയിച്ചിട്ടുണ്ട്. അരവിന്ദ് സാവന്താണ് ശിവസേനയുടെ പ്രതിനിധി. തെലങ്കാനയില്‍ നിന്ന് കിഷന്‍ റെഡ്ഢിയും അകാലിദളില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ ബാദലും കേന്ദ്രമന്ത്രിമാരാകും. സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും ഒരു മന്ത്രിപദം ലഭിക്കും.

Exit mobile version