തൊപ്പി വച്ചതിന് മുസ്ലിം യുവാവിന് ക്രൂര മര്‍ദനം; ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ മുഹമ്മദ് ബര്‍ക്കത്ത്(25) എന്ന മുസ്ലിം യുവാവിന് നേരെ ഒരുസംഘം ആളുകളുടെ മര്‍ദനം. ജക്കുംപുര എന്ന സ്ഥലത്ത് പള്ളിയില്‍നിന്ന് തിരിച്ചുവരുന്ന യുവാവിനാണ് മര്‍ദനമേറ്റത്.
ഈ പ്രദേശത്ത് മുസ്ലിമുകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചിരിക്കുകയാണെന്നും അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ആജ്ഞാപിച്ചുവെന്നും ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നത് -രാത്രി 10 മണിയോടെ പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്ന വഴിയില്‍ വച്ച് ആറോളം വരുന്ന സംഘം തന്നെ തടഞ്ഞ് നിര്‍ത്തി. അവര്‍ തൊപ്പിയഴിക്കാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ പോയി വരുന്ന വഴിയാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്നെ മര്‍ദിച്ചു. മുസ്ലിംകള്‍ ധരിയ്ക്കുന്ന തൊപ്പി ഈ പ്രദേശത്ത് നിരോധിച്ചിരിക്കുകയാണെന്നും, അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് എന്നോട് ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്ന് വിളിയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വടി ഉപയോഗിച്ച് അടിച്ചുവെന്നും ബര്‍ക്കത്ത് പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിച്ച ഷര്‍ട്ട് കീറി കളഞ്ഞെന്നും ഒച്ചവെച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നുവെന്നും
ബര്‍ക്കത്ത് വ്യക്തമാക്കി.തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൈവരിച്ചതിന് പിന്നാലെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു.

കൂടാതെ ഗുജറാത്തിലെ 200-300 സവര്‍ണ ജാതിയില്‍ പെട്ടവര്‍ മഹുവാദ് ഗ്രാമത്തില്‍ പെട്ട ദളിതരുടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് വിവാഹം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തരുന്നില്ലെന്ന ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ആക്രമണം.

Exit mobile version