തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് സൂചന

ബാംഗ്ലൂര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരായ രമേഷ് ജാര്‍ഖിഹോളിയും സുധാകറുമാണ് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും വിജയം കൈവരിച്ചതിന് പിന്നാലെ കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്. സംസ്ഥാനത്തെ 28സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 25 സീറ്റും ബിജെപി തൂത്ത് വാരിയിരുന്നു. രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് നേടാനായത്, ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് നേടിയത്. മാണ്ഡ്യയില്‍ നിന്ന് ജയിച്ച സുമലതയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി.

ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ വീട്ടില്‍ മുന്‍ കര്‍ണാകട മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദൂരപ്പയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം കൂടിക്കാഴ്ച രാഷ്ട്രീയപരമല്ല എന്ന് എംഎല്‍എമാരായ രമേഷ് ജാര്‍ഖിഹോളി പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ അഭിനന്ദിക്കാന്‍ എത്തിയതാണെന്നും എംഎല്‍എ വ്യക്തമാക്കി.

Exit mobile version